Back
Home » വാര്ത്ത
ജമ്മു കശ്മീരിലും പഞ്ചാബിലും സംഘർഷാവസ്ഥ സൃഷ്ടിക്കാൻ പാകിസ്താൻ നീക്കം
Anweshanam | 23rd Oct, 2019 11:31 AM
ന്യൂഡൽഹി: ജമ്മു കശ്മീരിലും പഞ്ചാബിലും സംഘർഷാവസ്ഥ സൃഷ്ടിക്കാൻ പാകിസ്താൻ പുതിയ പദ്ധതികളൊരുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഖലിസ്ഥാനി ഗ്രൂപ്പുകളുമായി സഹകരിച്ച് കശ്മീർ ഖലിസ്ഥാൻ റെഫറൻഡം ഫ്രണ്ട് എന്ന പേരിൽ പുതിയ തീവ്രവാദി സംഘടന പാകിസ്താൻ രൂപീകരിച്ചതായാണ് ഏജൻസികൾ നൽകുന്ന സൂചന. കശ്മീർ, ഖലിസ്ഥാൻ എന്നിവ സൂചിപ്പിച്ച് കെ 2(K2) എന്നാണ് സംഘടനയുടെ പുതിയ പദ്ധതിയ്ക്ക് നൽകിയിരിക്കുന്ന പേര്. 

പാക് ചാരസംഘടനയായ ഐഎസ്ഐ ഖലിസ്ഥാനി ഭീകരസംഘടനകളുമായി കൈകോർത്ത് കൊണ്ട് യുവാക്കളെ പുതിയ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതായാണ് രഹസ്യവിവരം. പഞ്ചാബ് കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിയന്ത്രണരേഖയ്ക്ക് സമീപം ഡ്രോണുകൾ ഉപയോഗിച്ചുള്ള ആയുധവിതരണവും പാകിസ്താൻ ഈയിടെയായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. 

സുരക്ഷ ദുർബലമായ പഞ്ചാബ് അതിർത്തിമേഖലകൾ മുതലെടുക്കാൻ പാകിസ്താൻ ശ്രമം നടത്തുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഖലിസ്ഥാൻ ഫോഴ്സും പാക് സൈന്യവും ഡ്രോണുകളും ഡ്രൈവറില്ലാ വാഹനങ്ങളും ഉപയോഗിച്ച് ഇന്ത്യൻ അതിർത്തിയിൽ താവളമടച്ചിരിക്കുന്ന ഭീകരർക്ക് ആയുധങ്ങൾ എത്തിക്കുന്നുണ്ട്. കെ 2 പദ്ധതി സജീവമാക്കാനും രാജ്യത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനുമാണ് പാക് നീക്കമെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട്.